This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍

കേരളത്തിലെ സ്ത്രീകളുടെ സര്‍വതോന്മുഖമായ വികസനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. ഇന്നത്തെ സമൂഹത്തില്‍ നിലനില്ക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് 1988-ല്‍ നിലവില്‍ വന്ന വനിതാവികസന കോര്‍പ്പറേഷന്റെ ദൗത്യം. ന്യൂനപക്ഷങ്ങള്‍, മറ്റു പിന്നോക്കവിഭാഗങ്ങള്‍, പട്ടികജാതി/പട്ടികഗോത്രങ്ങള്‍, ആദിവാസികള്‍, വനിതാ/ശിശുവികസനം, സാമൂഹ്യനീതി, ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളില്‍ കേന്ദ്ര മന്ത്രാലയങ്ങളുടെയും ധനകാര്യകേന്ദ്രങ്ങളുടെയും സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് ആസൂത്രണ കമ്മിഷന്റെ സഹായവും ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് ആസ്ഥാനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രാദേശിക ഓഫീസുകളും ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 18-നും 55-നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാന്‍ വായ്പാ പദ്ധതികള്‍, തൊഴിലധിഷ്ഠിത പരിശീലനം REACH (Resource Enhancement Academy for Career Heights) കേന്ദ്രങ്ങള്‍ വഴി നല്കല്‍ എന്നിവ കോര്‍പ്പറേഷന്റെ മുഖ്യ പ്രവര്‍ത്തനമേഖലകളാണ്. സ്ത്രീകള്‍ക്ക് കൈത്തറി, നെയ്ത്ത്, വസ്ത്ര രൂപകല്പന, ഡ്രൈവിങ്, ഇലക്ട്രോണിക് സാധനങ്ങളുടെ റിപ്പയറിങ് എന്നിവയില്‍ പരിശീലനം നല്കുന്നതിന് വനിതാവികസന കോര്‍പ്പറേഷനു കീഴില്‍ ഫിനിഷിങ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടി വിശ്രമമുറികളും ടോയ്ലറ്റ് സംവിധാനവും കോര്‍പ്പറേഷന്‍ സ്ഥാപിച്ചുവരുന്നു. നഗരങ്ങളില്‍ പരിസ്ഥിതി സൗഹൃദ സംവിധാനമായ ഷീ-ടോയ് ലറ്റ് പദ്ധതി നടപ്പാക്കുന്നത് കോര്‍പ്പറേഷനാണ്. കൂടാതെ സ്ത്രീകള്‍ നടത്തുന്ന ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ വില്പനമേളകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വനിതാവികസന കോര്‍പ്പറേഷനു കീഴില്‍, എട്ട് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍